എന്തുകൊണ്ട് 'കെയിസ് '?

കേരളത്തിലെ യുവതൊഴില്‍ശക്തിയെ വൈദഗ്ദ്ധ്യമുള്ളവരാക്കേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യവും നമ്മുടെ രാജ്യത്തിന്‍റെ വളര്‍ച്ചക്ക് നിര്‍ണ്ണായകഘടകവുമാണ്. സാങ്കേതികവളര്‍ച്ചയിലൂടെ രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന പ്രായോഗിക തടസ്സങ്ങള്‍ ഇല്ലാതായി. ലോക സാമ്പത്തികാവസ്ഥ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്ന ഈ അവസരത്തില്‍ പുതിയ തൊഴില്‍മേഖലകള്‍ ഉണ്ടായികൊണ്ടിരിക്കുന്നു. കൂടാതെ നിലവിലുള്ള തൊഴില്‍ മേഖലകള്‍ ഒരു തിരിച്ചുവരവിലുമാണ്. ഇത് കാരണമായി അനുയോജ്യരും വൈദഗ്ദ്ധ്യമുള്ളവരുമായ തൊഴിലാളികളുടെ ആവശ്യം കഴിഞ്ഞ കുറേവര്‍ഷങ്ങളായി അസാധാരണമാംവിധം കൂടികൊണ്ടിരിക്കുകയാണ്. ഇത് അടുത്ത ദശകങ്ങളിലും തുടർന്നുകൊണ്ടിരിക്കും. ഈ സാഹചര്യത്തിലാണ് കേരളസര്‍ക്കാര്‍ 02.12.2016ല്‍ കേരള അക്കാഡമി ഓഫ് സ്കില്‍ ഡെവലപ്പ്മെന്‍റ് (KASE) സ്ഥാപിക്കുകയും അതിനെ നൈപുണ്യ വികസനപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേന്ദ്രമാക്കുകയും സംസ്ഥാന സ്കില്‍ ഡെവലപ്പ്മെന്‍റ് മിഷനായി നിയോഗിക്കുകയും ചെയ്തത്.

നൂതന ആശയങ്ങള്‍, വൈവിദ്ധ്യമാര്‍ന്ന പരിശീലനങ്ങള്‍, ലോകോത്തര നിലവാരത്തിലുള്ള കോഴ്സുകള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സേവനങ്ങള്‍ എന്നിവയ്ക്ക് പുറമെ നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍, പരിശീലകര്‍ എന്നിവരുടെ പങ്കാളിത്തത്തിലൂടെയും കേരളത്തിലെ നൈപുണ്യവികസന രംഗത്ത് ഒരു വലിയ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് കെയിസ്.

സമഗ്രമായ പ്രവര്‍ത്തന രീതികള്‍ ഉള്‍ക്കൊള്ളുന്ന ഉത്തമമായ ഒരു മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തില്‍ വ്യവസായ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലുള്ള യുവതലമുറയെ വാർത്തെടുക്കുന്നതിലാണ് കെയിസ് മുഖ്യമായും ലക്ഷ്യംവയ്ക്കുന്നത്.

സംരംഭങ്ങളുടെ ഇപ്പോഴത്തെ നില

ക്രമ നമ്പര്‍ സംരംഭങ്ങള്‍ ഇതുവരെ പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഇതുവരെ ആകെ നിയമനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ കുറിപ്പുകള്‍
1 കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ 79 ഇല്ല (പുരോഗമിക്കുന്നു) ബാച്ചുകള്‍ നടന്നു വരുന്നു
2 കരിയര്‍ ഡെവലപ്പ്മെന്‍റ് സെന്റേഴ്സ് 11630 ഇല്ല കരിയര്‍ ഗൈഡന്‍സും ട്രെയിനിംഗും
3 കൗശല്‍കേന്ദ്രങ്ങള്‍ 8065 ഇല്ല ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍, ഐ.ടി., ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് തുടങ്ങിയവയുടെ ട്രെയിനിംഗ്
4 എംപ്ലോയബിലിറ്റി സെന്‍റേഴ്സ് 1,11,687 49,922 നടന്നു വരുന്നു
5 സെന്‍റര്‍ ഓഫ് എക്സലന്‍സ് 1849 1028 ഇനിയുള്ള വിദ്യാര്‍ത്ഥികളുടെ പ്ലെയിസ്മെന്‍റുകള്‍ പുരോഗമിക്കുന്നു
6 അക്രഡിറ്റേഷന്‍ മോഡല്‍ 6150 2195 ഇനിയുള്ള വിദ്യാര്‍ത്ഥികളുടെ പ്ലെയിസ്മെന്‍റുകള്‍ പുരോഗമിക്കുന്നു

ഞങ്ങള്‍ എന്താണ് ചെയ്യുന്നത്?

നൈപുണ്യമികവിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും അക്കാഡമികളും സ്ഥാപിക്കുക, പ്രോത്സാഹിപ്പിക്കുക, സജ്ജീകരിക്കുക, മേല്‍നോട്ടം വഹിക്കുക, പരിപാലിക്കുക, നിയന്ത്രിക്കുക എന്നിവ കൂടാതെ യുവജനതയുടെ തൊഴില്‍ നൈപുണ്യവികസനത്തിനും വ്യക്തിത്വ വികസനത്തിനും ആഗോളതലത്തിലെ വ്യാവസായികരംഗങ്ങളില്‍ ആവശ്യമുള്ള അത്യന്താധുനിക സാങ്കേതിക പരിശീലനത്തിന് പ്രാധാന്യം നല്‍കി സംസ്ഥാനത്തിന്‍റെ വിവിധ നൈപുണ്യവികസന സംരംഭങ്ങളെ ഏകോപിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുന്നു. വിവിധ നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍ക്ക് കോഴ്സ് അക്രഡിറ്റേഷനും നല്‍കുന്നുണ്ട്. അക്രഡിറ്റേഷനുള്ള നിബന്ധനകള്‍ മുന്‍നിര്‍ത്തി വിദഗ്ദ്ധ സമിതി രൂപീകരിച്ചാണ് അക്രഡിറ്റേഷന്‍ നടപ്പിലാക്കുന്നത്.

വിവിധ മേഖലകളില്‍ ഏറ്റവും വേഗത്തില്‍ ലളിതമായി മികവോടെ സെന്‍റേഴ്സ് ഓഫ് എക്സലന്‍സ് സജ്ജമാക്കാന്‍ വേണ്ടി കെയിസ് തുടങ്ങിയ ഒരു അന്താരാഷ്ട്ര പദ്ധതിയാണ് ഐസ്റ്റെപ്പ് (ഇന്‍റര്‍നാഷണല്‍ സ്കില്‍ ട്രെയിനിംഗ് ആന്‍റ് എംബ്ലോയബിലിറ്റി പ്രോഗ്രാം). ഇത്തരം എല്ലാ മാതൃകാപരമായ സംരംഭങ്ങള്‍ക്കും കെയിസ് അടിസ്ഥാനപരമായി ഷെല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നല്‍കുന്നുണ്ട്. എന്നാൽ ട്രെയിനിംഗ് സര്‍ട്ടിഫിക്കേഷന്‍, വിദേശങ്ങളില്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ നിയമനങ്ങള്‍ എന്നിവ കെയിസിന്‍റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വ്യാവസായിക പങ്കാളികളാണ് നടപ്പിലാക്കുന്നത്. കോഴ്സ് കരിക്കുലത്തിന്‍റെയും സര്‍ട്ടിഫിക്കേഷന്‍റെയും മേല്‍നോട്ടം ഒരു സ്വതന്ത്ര അക്കാഡമിക് കൗണ്‍സിലാണ് വഹിക്കുന്നത്. കൗശല്‍കേന്ദ്രങ്ങള്‍, എംപ്ലോയബിലിറ്റി സെന്‍ററുകള്‍, കരിയര്‍ ഡെവലപ്പ്മെന്‍റ് സെന്‍ററുകള്‍, തുടങ്ങിയവ കെയിസിന്‍റെ മറ്റ് നൈപുണ്യ വികസന സംരംഭങ്ങളില്‍പ്പെടുന്നതാണ്.

ഏറ്റവും മികച്ച ഉദ്യോഗാര്‍ത്ഥികളെ നേടുന്നതിനായി പ്രശസ്ത നൈപുണ്യ വികസന കേന്ദ്രങ്ങൾക്ക് കെയിസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. കൃത്യമായ മേല്‍നോട്ടവും നടത്തിപ്പും കൊണ്ട് മികച്ച നിലവാരം ഉറപ്പാക്കുന്ന അക്രഡിറ്റേഷന്‍ സ്ഥാപനങ്ങളോടുള്ള പൊതുജനങ്ങളുടെ വിശ്വാസ്യതയും ഏറെയാണ്. മാത്രവുമല്ല കെയിസിന്‍റെ ചിഹ്നം മുദ്രണം ചെയ്യുന്നതിലൂടെ പ്രസ്തുത സ്ഥാപനം ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ളതാണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു.